My360 Helper


യേശുക്രിസ്തുവിന്റെ വംശാവലി

1അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി:

2അബ്രാഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു

യിസ്ഹാക്കിൽനിന്ന് യാക്കോബ് ജനിച്ചു

യാക്കോബിൽനിന്ന് യെഹൂദയും അദ്ദേഹത്തിന്റെ സഹോദരന്മാരും ജനിച്ചു.

3യെഹൂദയായിരുന്നു താമാർ പ്രസവിച്ച പാരെസിന്റെയും സേരയുടെയും പിതാവ്.

പാരെസിൽനിന്ന് ഹെസ്രോം ജനിച്ചു

ഹെസ്രോമിൽനിന്ന് ആരാം ജനിച്ചു.

4ആരാമിൽനിന്ന് അമ്മീനാദാബും

അമ്മീനാദാബിൽനിന്ന് നഹശോനും ജനിച്ചു.

നഹശോനിൽനിന്ന് സൽമോൻ ജനിച്ചു.

5സൽമോനായിരുന്നു രാഹാബ് പ്രസവിച്ച ബോവസിന്റെ പിതാവ്.

ബോവസ്-രൂത്ത് ദമ്പതികളുടെ പുത്രനാണ് ഓബേദ്;

ഓബേദിൽനിന്ന് യിശ്ശായി ജനിച്ചു.

6യിശ്ശായിയാണ് ദാവീദുരാജാവിന്റെ പിതാവ്.

ദാവീദ് ശലോമോന്റെ പിതാവ്, ശലോമോന്റെ അമ്മ ഊരിയാവിന്റെ വിധവ (ബേത്ത്-ശേബ) ആയിരുന്നു.

7ശലോമോനിൽനിന്ന് രെഹബ്യാം ജനിച്ചു.

രെഹബ്യാമിൽനിന്ന് അബീയാവും

അബീയാവിൽനിന്ന് ആസായും ജനിച്ചു.

8ആസായിൽനിന്ന് യോശാഫാത്ത് ജനിച്ചു

യോശാഫാത്തിൽനിന്ന് യോരാം ജനിച്ചു

യോരാമിൽനിന്ന് ഉസ്സീയാവും ജനിച്ചു.

9ഉസ്സീയാവിൽനിന്ന് യോഥാം ജനിച്ചു.

യോഥാമിൽനിന്ന് ആഹാസും

ആഹാസിൽനിന്ന് ഹിസ്കിയാവും ജനിച്ചു.

10ഹിസ്കിയാവ് മനശ്ശെയുടെ പിതാവ്,

മനശ്ശെ ആമോന്റെ പിതാവ്,

ആമോൻ യോശിയാവിന്റെ പിതാവ്.

11യോശിയാവിന്റെ മകൻ യെഖൊന്യാവും അയാളുടെ സഹോദരന്മാരും ജനിച്ചത് ബാബേൽ പ്രവാസകാലഘട്ടത്തിലായിരുന്നു.

12ബാബേൽ പ്രവാസത്തിനുശേഷം യെഖൊന്യാവിനു ജനിച്ച മകനാണ് ശലഥിയേൽ

ശലഥിയേലിൽനിന്ന് സെരൂബ്ബാബേൽ ജനിച്ചു.

13സെരൂബ്ബാബേലിൽനിന്ന് അബീഹൂദ് ജനിച്ചു

അബീഹൂദിൽനിന്ന് എല്യാക്കീമും

എല്യാക്കീമിൽനിന്ന് ആസോരും ജനിച്ചു.

14ആസോരിൽനിന്ന് സാദോക്ക് ജനിച്ചു.

സാദോക്കിൽനിന്ന് ആഖീമും

ആഖീമിൽനിന്ന് എലീഹൂദും ജനിച്ചു.

15എലീഹൂദ് എലീയാസറിന്റെ പിതാവായിരുന്നു.

എലീയാസറിൽനിന്ന് മത്ഥാനും

മത്ഥാനിൽനിന്ന് യാക്കോബും ജനിച്ചു.

16യാക്കോബിന്റെ മകനായിരുന്നു മറിയയുടെ ഭർത്താവായ യോസേഫ്. ഈ മറിയയാണ് “ക്രിസ്തു” എന്നു വിളിക്കപ്പെട്ട യേശുവിന്റെ മാതാവായിത്തീർന്നത്.

17ഇങ്ങനെ തലമുറകൾ ആകെ, അബ്രാഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബേൽപ്രവാസംവരെ പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവരെ പതിന്നാലും ആകുന്നു.

യേശുക്രിസ്തുവിന്റെ ജനനം

18യേശുക്രിസ്തുവിന്റെ ജനനം ഈ വിധമായിരുന്നു: യേശുവിന്റെ അമ്മ മറിയയും യോസേഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അവർ വിവാഹിതരാകുന്നതിനു മുമ്പേതന്നെ മറിയ പരിശുദ്ധാത്മാവിനാൽ ഗർഭവതിയായി. 19മറിയയുടെ നീതിനിഷ്ഠനായ ഭർത്താവ് യോസേഫ്, അവൾ ഗർഭവതിയായ വിവരം അറിഞ്ഞ്, സമൂഹമധ്യേ അവൾ അപഹാസ്യയാകാതിരിക്കാൻ ആഗ്രഹിച്ചതുകൊണ്ട് അവളെ രഹസ്യമായി ഉപേക്ഷിക്കണമെന്നു തീരുമാനിച്ചു.

20അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന്, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, അദ്ദേഹത്തോട്, “ദാവീദുവംശജനായ യോസേഫേ, മറിയ ഗർഭവതിയായത് പരിശുദ്ധാത്മാവിൽനിന്നാണ്. ആയതിനാൽ അവളെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതിൽ മടിക്കേണ്ടതില്ല. 21അവൾ ഒരു പുത്രനു ജന്മം നൽകും; ആ പുത്രന് ‘യേശു’ എന്നു നാമകരണം ചെയ്യണം, കാരണം അവിടന്ന് തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുന്നവനാണ്” എന്നു പറഞ്ഞു.

22-23“ഇതാ! കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും; ആ പുത്രൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും;” ഈ പേരിനു “ദൈവം നമ്മോടുകൂടെ” എന്നാണ് അർഥം. കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.

24യോസേഫ് ഉറക്കമുണർന്നു; കർത്താവിന്റെ ദൂതൻ തന്നോടു കൽപ്പിച്ചതുപോലെതന്നെ തന്റെ ഭാര്യയെ സ്വീകരിച്ചു. 25എന്നാൽ, മറിയ പുത്രന് ജന്മം നൽകുന്നതുവരെ യോസേഫ് അവളെ അറിഞ്ഞിരുന്നില്ല. അദ്ദേഹം പുത്രന് “യേശു” എന്ന് പേരിട്ടു.

Biblica® സമകാലിക മലയാള സ്വതന്ത്ര വിവർത്തനം™ പകർപ്പവകാശം © 1997, 2005, 2017, 2020 Biblica, Inc. Biblica® Open Malayalam Contemporary Version™ Copyright © 1997, 2005, 2017, 2020 by Biblica, Inc. Biblica®എന്നത് അമേരിക്കന്‍ ഐക്യനാടുകളുടെ (USA) പേറ്റന്റ് ആന്റ് ട്രേഡ്‍മാര്‍ക്ക് ഓഫീസില്‍ Biblica, Inc.നാല്‍ രജിസ്റ്‍റര്‍ ചെയ്യപ്പെട്ടിരിക്കുന്നു. അനുവാദത്തോടുകൂടി ഉപയോഗിച്ചിരിക്കുന്നു. “Biblica” is a trademark registered in the United States Patent and Trademark Office by Biblica, Inc. Used with permission.